95. മലങ്കരയുടെ കാതോലിക്കാമാരും വിശ്രമസ്ഥാനങ്ങളും [Catholicoses and their Tombs]

  1. മലങ്കരയുടെ ഒന്നാം കാതോലിക്കാ – ബസേലിയോസ് പൗലോസ് പ്രഥമൻ (17 ജനുവരി 1836 – 2 മെയ് 1913)

AD 1836 ജനുവരി 17-ന് കോലഞ്ചേരിയിൽ ജനിക്കുകയും ചേപ്പാട് മാർ ദീവന്നാസിയോസിനാൽ 7-ആം വയസ്സിൽ ശെമ്മാശുപട്ടവും 16-ആം വയസ്സിൽ കശീശാപട്ടവും നല്കപ്പെടുകയും ചെയ്തു. 1877-ൽ പൗലോസ് മാർ ഈവാനിയോസ് എന്ന പേരിൽ മെത്രാപ്പോലീത്താ ആയി കണ്ടനാട് ഭദ്രാസനത്തിന്റെ അധിപനായി ചുമതലയേറ്റു. 1912 സെപ്റ്റംബർ 15-ന്  നിരണം വലിയപള്ളിയിൽ വച്ച് (കാതോലിക്കാസ്ഥാപനദിനം!)  മലങ്കരസഭയുടെ ആദ്യത്തെ കാതോലിക്കായായി അവരോധിക്കപ്പെടുകയുണ്ടായി. 1913 മെയ് 2-ആം തീയതി ദൈവസന്നിധിയിലേക്ക് യാത്രയാവുകയും പാമ്പാക്കുട സെന്റ് തോമസ് ഓർത്തഡോൿസ് പള്ളിയിൽ കബറടക്കപ്പെടുകയും ചെയ്തു.

Note: കോട്ടയം – മൂവാറ്റുപുഴ റോഡിലാണ് പാമ്പാക്കുട സെന്റ് തോമസ് ഓർത്തഡോൿസ് പള്ളിയും, സാന്റാക്ലോസ്, ഗീവർഗീസ് സഹദാ എന്നിവരുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന പാമ്പാക്കുട ചെറിയപ്പള്ളിയും സ്ഥിതി ചെയ്യുന്നത്. 

LL Baselios Paulose I Bava thirumeni (High Resolution)

CIMG4825

                                 ഒന്നാം കാതോലിക്കായുടെ കബറിടം

2. മലങ്കരയുടെ രണ്ടാം കാതോലിക്കാ – ബസേലിയോസ് ഗീവർഗീസ് പ്രഥമൻ (11 ജനുവരി 1870 – 17 ഡിസംബർ 1928)

AD 1870 ജനുവരി 11-ന് വാകത്താനത്ത് ജനിക്കുകയും, 16-ആം വയസ്സിൽ ശെമ്മാശനാക്കപ്പെടുകയും ചെയ്തു. 1896-ൽ കടവിൽ പൗലോസ് മാർ അത്താനാസിയോസ് തിരുമേനിയിൽ നിന്ന് കശീശാ, റമ്പാൻ പട്ടങ്ങൾ സ്വീകരിക്കുകയുണ്ടായി. 1907 മുതൽ വാകത്താനത്ത് താമസിച്ചുവരവേ 1913- ൽ ഗീവർഗീസ് മാർ പീലക്സീനോസ് എന്ന പേരിൽ മെത്രാപ്പോലീത്തായായി വാഴിക്കപ്പെട്ട് കോട്ടയം, അങ്കമാലി ഭദ്രാസനങ്ങളുടെ ഭരണച്ചുമതല ഏൽക്കുകയുണ്ടായി. 1925 ഏപ്രിൽ 30-ന് സഭയുടെ രണ്ടാം കാതോലിക്കയായി ബസേലിയോസ് ഗീവർഗീസ് പ്രഥമൻ എന്ന പേരിൽ അവരോധിക്കപ്പെട്ടു. 1928 ഡിസംബർ 17-ന് ദൈവസന്നിധിയിലേക്ക് എടുക്കപ്പെടുകയും വാകത്താനം വള്ളിക്കാട്ട് ദയറായിൽ കബറടക്കപ്പെടുകയും ചെയ്തു.

Note: ദേവലോകം  – കറുകച്ചാൽ റോഡിലാണ് പരിശുദ്ധ ബാവായും ഔഗേൻ മാർ ദീവന്നാസിയോസ് തിരുമേനിയും കബറടങ്ങിയിരിക്കുന്ന വള്ളിക്കാട്ട് ദയറാ സ്ഥിതി ചെയ്യുന്നത്. 

LL Baselios Geevarghese I Bava thirumeni

CIMG9058

                              രണ്ടാം കാതോലിക്കായുടെ കബറിടം

3. മലങ്കരയുടെ മൂന്നാം കാതോലിക്കാ – ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ (16 ജൂൺ 1874 – 3 ജനുവരി 1964)

AD 1874 ജൂൺ 16-ന് കുറിച്ചിയിൽ ജനിക്കുകയും, 18-ആം വയസ്സിൽ ശെമ്മാശനാക്കപ്പെടുകയും ചെയ്തു. 1898-ൽ പ. പരുമല തിരുമേനിയിൽ നിന്ന് കശീശാ, റമ്പാൻ പട്ടങ്ങൾ സ്വീകരിക്കുകയുണ്ടായി. 1912-ൽ (കാതോലിക്കാസ്ഥാപനത്തിന് മുൻപായി) സെപ്റ്റംബർ 8 ന് മാർ അബ്ദേദ് മ്ശിഹോ പാത്രിയർക്കീസ് അദ്ദേഹത്തെ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് എന്ന പേരിൽ മെത്രാപ്പോലീത്താ ആയി വാഴിക്കുകയുണ്ടായി. 1929 ഫെബ്രുവരി 15-ന് മലങ്കരയുടെ മൂന്നാം കാതോലിക്കായായി അവരോധിക്കപ്പെടുകയുണ്ടായി. 1934-ൽ പ. വട്ടശ്ശേരിൽ തിരുമേനി കാലയവനികയ്ക്കുള്ളിൽ മറഞ്ഞപ്പോൾ അദ്ദേഹം വഹിച്ചിരുന്ന ‘മലങ്കര-മെത്രാപ്പോലീത്താ’ സ്ഥാനവും കൂടി വഹിക്കേണ്ടതാണെന്ന് തീരുമാനിക്കപ്പെട്ടതിനെ തുടർന്ന് ഒരേ സമയം ‘മലങ്കര-മെത്രാപ്പോലീത്താ’ സ്ഥാനവും, കാതോലിക്കാ സ്ഥാനവും വഹിക്കുന്ന ആദ്യ കാതോലിക്കാ’യായി. നീണ്ട 35 വർഷങ്ങൾ സഭയെ ശ്രേഷ്ഠമായി നയിച്ചശേഷം 1964 ജനുവരി 3- ന് ദൈവസന്നിധിയിലേക്ക് എടുക്കപ്പെടുകയും സഭാ-ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ കബറടക്കപ്പെടുകയും ചെയ്തു.

LL Baselios Geevarghese II Catholica Baava4

CIMG8717

                             മൂന്നാം കാതോലിക്കായുടെ കബറിടം

4. മലങ്കരയുടെ നാലാം കാതോലിക്കാ – ബസേലിയോസ് ഔഗേൻ പ്രഥമൻ (26 ജൂൺ 1884 – 8 ഡിസംബർ 1975)

AD 1884 ജൂൺ 26-ന് പുത്തൻകുരിശിൽ ജനിക്കുകയും, 1905-ൽ ശെമ്മാശനും 1908-ൽ റമ്പാനും ആക്കി വാഴിക്കപ്പെടുകയും ചെയ്തു. 1909-ൽ കശീശയായും 1927-ൽ ഔഗേൻ മാർ തീമോത്തിയോസ് എന്ന പേരിൽ മെത്രാപ്പോലീത്താ ആയും ഉയർത്തപ്പെട്ടു, കണ്ടനാട്, തുമ്പമൺ ഭദ്രാസനങ്ങളുടെ ചുമതല വഹിക്കുകയുണ്ടായി. 1964 മെയ് 22-ന് അദ്ദേഹത്തെ മലങ്കരയുടെ നാലാം കാതോലിക്കായായി അവരോധിക്കുകയുണ്ടായി. 1975 ഡിസംബർ 8- ന് ദൈവസന്നിധിയിലേക്ക് എടുക്കപ്പെടുകയും സഭാ-ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ കബറടക്കപ്പെടുകയും ചെയ്തു.

Augen Baava Thirumeni3

Augen I's tomb

                                 നാലാം കാതോലിക്കായുടെ കബറിടം

5. മലങ്കരയുടെ അഞ്ചാം കാതോലിക്കാ – ബസേലിയോസ് മാർത്തോമ്മാ മാത്യുസ് പ്രഥമൻ (27 മാർച്ച് 1907 – 8 നവംബർ 1996)

AD 1907 മാർച്ച് 27-ന് കോട്ടയത്ത് ജനിച്ച്, വൈദികജീവിതത്തിന് മുൻപായി കോളേജ് വിദ്യാഭ്യാസം തുടങ്ങി ബിരുദധാരിയായി. 1946-ൽ കശീശയായി ഉയർത്തപ്പെടും മുൻപ് പഴയ സെമിനാരിയിലെ അദ്ധ്യാപകനും പ്രിൻസിപ്പലും ആയിരുന്നു. 1953-ൽ മാത്യുസ് മാർ അത്താനാസിയോസ് എന്ന പേരിൽ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഉയർത്തപ്പെടുകയും ബാഹ്യകേരളാ ഭദ്രാസനത്തിന്റെ അധിപനായിരുന്ന് പല ഐതിഹാസികനടപടികൾക്കും നേതൃത്വം കൊടുക്കുകയും ചെയ്തു. 1975-ൽ മലങ്കരയുടെ അഞ്ചാം കാതോലിക്കായായി ചുമലയേൽക്കുകയും കാതോലിക്കായായിരുന്നപ്പോളും നടപ്പിലാക്കിയ നടപടികളുടെ പേരിൽ അറിയപ്പെടുകയും ചെയ്തു. 1996-ൽ ദൈവസന്നിധിയിലേക്ക് എടുക്കപ്പെടുകയും ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ കബറടക്കപ്പെടുകയും ചെയ്തു.

CIMG8719

                            അഞ്ചാം കാതോലിക്കായുടെ കബറിടം

6. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ (30 ജനുവരി 1915 – 26 ജനുവരി 2006) 

AD 1915 ജനുവരി 15-ന് കൊല്ലം പെരിനാട്ടിൽ ജനിക്കുകയും, 1938-ൽ ശെമ്മാശനും 1941-ൽ കശീശയുമായി ഉയർത്തപ്പെട്ടു. 1953-ൽ മാത്യുസ് മാർ കൂറിലോസ് എന്ന പേരിൽ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഉയർത്തപ്പെടുകയും കൊല്ലം ഭദ്രാസനത്തിന്റെ അധിപനായി നിയോഗിക്കപ്പെടുകയും ചെയ്തു. 1991-ൽ മലങ്കരയുടെ ആറാം  കാതോലിക്കായായി ചുമലയേൽക്കുകയും ചെയ്തു. 2006-ൽ ദൈവസന്നിധിയിലേക്ക് വിളിക്കപ്പെടുകയും തന്റെ ആദ്യകാല പ്രവർത്തനമേഖലയായിരുന്ന കൊല്ലത്തിന്റെ മണ്ണിൽ ശാസ്താംകോട്ട മൌണ്ട് ഹോറേബ് ആശ്രമം ചാപ്പലിൽ കബറടക്കപ്പെട്ടു.

Note : അടൂർ – ഭരണിക്കാവ് റോഡിലാണ് ശാസ്താംകോട്ട മൌണ്ട് ഹോറേബ് ആശ്രമം സ്ഥിതി ചെയ്യുന്നത്. 

Baselios_Marthoma_Mathews_II

Baselios_Marthoma_Mathews_II tomb

                                 ആറാം കാതോലിക്കായുടെ കബറിടം

7. ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ (29  ഒക്റ്റോബർ 1921  – 26 മെയ് 2014) 

AD 1921 ഒക്റ്റോബർ 29-ന് മാവേലിക്കരയിൽ ജനിക്കുകയും, 18-ആം വയസ്സിൽ പത്തനാപുരം മൌണ്ട് താബോർ ദയറാ അംഗമാകുകയും  1950-ൽ  കശീശയായി ഉയർത്തപ്പെടുകയും ചെയ്തശേഷം ഗുരുവായ തോമ്മാ മാർ ദീവന്നാസിയോസ് തിരുമേനിയുടെ നിർദ്ദേശപ്രകാരം ആശ്രമം വക വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മേൽനോട്ടക്കാരനായി പ്രവർത്തിച്ചു. 1966-ൽ തോമസ് മാർ തീമോത്തിയോസ് എന്ന പേരിൽ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഉയർത്തപ്പെടുകയും മലബാർ  ഭദ്രാസനത്തിന്റെ അധിപനായി നിയോഗിക്കപ്പെടുകയും ചെയ്തു. 2005-ൽ മലങ്കരയുടെ ഏഴാം  കാതോലിക്കായായി അവരോധിക്കപ്പെടുകയും ചെയ്തു. 2014-ൽ ദൈവസന്നിധിയിലേക്ക് വിളിക്കപ്പെടുകയും തന്റെ സന്യാസജീവിതത്തിന്റെ തുടക്കം കുറിച്ച പത്തനാപുരം മൌണ്ട് താബോർ ആശ്രമ ചാപ്പലിൽ കബറടക്കപ്പെടുകയും ചെയ്തു.

Note : പത്തനംതിട്ട – പുനലൂർ റൂട്ടിലാണ് മൌണ്ട് താബോർ ആശ്രമം. 

Valiya Baava6 (HR)

tomb

                                  ഏഴാം കാതോലിക്കായുടെ കബറിടം

8. ബസേലിയോസ് മാർത്തോമ്മാ പൌലൊസ് ദ്വിതീയൻ (30 ഓഗസ്റ്റ്  1946  – 12 ജൂലൈ 2021) 

AD 1946 ഓഗസ്റ്റ് 30-ന് പഴഞ്ഞിക്കടുത്തുള്ള മങ്ങാട് ജനിക്കുകയും, 1972-ൽ ശെമ്മാശനും  1973-ൽ കശീശയായും ഉയർത്തപ്പെടുകയും ചെയ്തശേഷം 1985-ൽ പൌലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഉയർത്തപ്പെടുകയും പുതുതായി രൂപം കൊണ്ട കുന്നംകുളം   ഭദ്രാസനത്തിന്റെ ആദ്യ അധിപനായി നിയോഗിക്കപ്പെടുകയും ചെയ്തു. 2010 -ൽ മലങ്കരയുടെ ഏഴാം  കാതോലിക്കായായി അവരോധിക്കപ്പെടുകയും ചെയ്തു. 2021-ൽ ദൈവസന്നിധിയിലേക്ക് വിളിക്കപ്പെടുകയും ദേവലോകം അരമന  ചാപ്പലിൽ കബറടക്കപ്പെടുകയും ചെയ്തു.

baselios paulose ii

DSC_6887

                              എട്ടാം കാതോലിക്കായുടെ കബറിടം

ഉപസംഹാരം: പരിശുദ്ധ സഭയുടെ ആദിമകാലം മുതലുള്ള മേലദ്ധ്യക്ഷന്മാരെയും അവരുടെ അന്ത്യവിശ്രമസ്ഥാനങ്ങളെയും കുറിച്ച്  സമീപപ്രദേശത്തുള്ളവർ പോലും അജ്ഞരാണെന്നിരിക്കെ, അവരെ/അവയെ കുറിച്ച് ഒരു ചെറിയ സൂചിക എന്ന നിലയിലാണ് ഈ പരിശ്രമം. ആ പിതാക്കന്മാരുടെ മദ്ധ്യസ്ഥതയിൽ അഭയം പ്രാപിക്കുവാനും ആ സ്ഥലങ്ങൾ  സന്ദർശിക്കുവാനും താല്പര്യപ്പെടുന്നവർ ഉണ്ടെങ്കിൽ  പ്രയോജനപ്പെടുത്തുവാൻ അപേക്ഷ. ത്രിയേകദൈവം ഏവരെയും വാഴ്ത്തി അനുഗ്രഹിക്കട്ടെ! 

ക്രിസ്തുവിൽ സഹോദരൻ,

ജോർജിയൻ. 

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നടക്കുവാൻ ഒരു കുഞ്ഞു-വഴിവിളക്ക്!

(അജോയ് ജേക്കബ് ജോർജ്)
തെങ്ങുംതറയിൽ, ചാലിൽ,
അഴൂർ / മാക്കാംകുന്ന് / കുവൈറ്റ്.
00965 99182907 / ajg1969gs@GMAIL.com

Published by

എഴുത്താണി

Trying to record some thoughts for future.

4 thoughts on “95. മലങ്കരയുടെ കാതോലിക്കാമാരും വിശ്രമസ്ഥാനങ്ങളും [Catholicoses and their Tombs]”

  1. പ്രയോജനകരമായ ഒരു ഉദ്യമം. കബറിടങ്ങളിൽ എത്തിചേരാനുള്ള വഴികൾ നൽകിയതും, പിതാക്കന്മാരുടെ ലഘു ജീവചരിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയതും നല്ലതു തന്നെ. നന്ദി അജോയ്.

    പിതാക്കന്മാരുടെ പ്രാർത്ഥനകൾ നമുക്ക് കോട്ടയായിരിക്കട്ടെ.

    Like

ഒരു അഭിപ്രായം ഇടൂ